പോരാട്ടവുമായി ഒരു സൈറ്റ്

Friday, September 16, 2011

മുല്ലപ്പെരിയാർ വിഷയത്തിൽ പോരാട്ടവുമായി http://mullaperiyar.jimdo.com/ എന്ന പേരിൽ ഒരു പുതിയ സൈറ്റ് തന്നെ സൈബർ ലോകത്ത് ആരംഭിച്ചിരിക്കുന്നു. വെറുതെ ഒരു സൈറ്റ് തുടങ്ങുക മാത്രമല്ല, കാര്യമായ ഒരു മുന്നേറ്റം തന്നെ നടത്താൻ പദ്ധതിയിട്ടിരിക്കുകയാണ് സൈറ്റിന് പിന്നിലുള്ളവർ.


ഒൿടോബർ 3ന് ഐയർലന്റിൽ ഉള്ള മനുഷ്യസ്നേഹികൾ എല്ലാവരും ചെർന്ന് ഡബ്‌ളിൻ ഇന്ത്യൻ എംബസിക്ക് മുന്നിൽ ഉപവാസം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരു കമന്റ് രൂപത്തിൽ വന്ന സംഘാടകരുടെ വാക്കുകൾ തന്നെ താഴെ പകർത്തി എഴുതുന്നു.
-----------------------------------------------------------------------------------------------
35 ലക്ഷം ജനങ്ങളുടെ ജീവനുവേൺടി നമുക്കൊന്ന്‌ പ്രതികരിച്ചു നോക്കിക്കൂടെ.......?

സൗത്ത്‌ ആഫ്രിക്കയിലെ ട്രെയിൻ കമ്പാർട്ട്മെന്റിൽ നിന്നും ചവിട്ടി പുറത്താക്കപ്പെട്ട്‌ പ്ളാറ്റ്ഫോമിൽ കിടന്ന ഒരു ഇന്ത്യക്കാരൻ ഒരു പ്രതിജ്ഞയെടുത്തിരുന്നു.വർണ്ണ വിവേചനത്തിനും, ഇന്ത്യയുടെ സ്വാതന്ത്രത്തിനും വേൺടി പോരാടുമെന്ന്‌. ആ അർപ്പണ ബോധത്തിന്‌ മുൻപിൽ അധികാരകേന്ദ്രങ്ങൾ തലകുനിച്ചു.ഭരണത്തിന്റെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച്‌ ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു. നമ്മുടെ ഭാരതം സ്വതന്ത്രയായി.

വർഷങ്ങൾക്ക്‌ ശേഷം ഇന്ന്‌ ഇന്ത്യ ലോകത്തിലെ ശക്തമായ ഒരു രാജ്യമായി വളർന്നു കഴിഞ്ഞു. സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലകപ്പെട്ട്‌ ലോകം ശ്വാസം മുട്ടുമ്പോഴും വളർച്ചയുടെ പടികൾ ചവിട്ടിക്കയറി ഇന്ത്യ മുമ്പോട്ട്‌ തന്നെ....പക്ഷെ ഇന്ത്യ വളർന്നതിനോടൊപ്പം തന്നെ അഴിമതിയും വളരാൻ തുടങ്ങി.രാഷ്ട്രിയക്കാരും ഉദ്യോഗസ്ഥരും പണം സമ്പാദിച്ചു എന്നതല്ല അഴിമതിയിലൂടെ ഉൺടായ വിപത്ത്‌. ഭരണവ്യവസ്ഥിതിയെത്തന്നെ, അല്ലെങ്കിൽ ജനാധിപത്യത്തെത്തന്നെ, നോക്കുകുത്തിയാക്കുന്ന അവസ്തയിലേയ്ക്ക്‌ കാര്യങ്ങളെ കൊൺടെത്തിച്ചു.

അന്നാ ഹസേരെ അഴിമതിക്കെതിരെ ലോക്പാൽ ബില്ലിനായി സമരം ആരംഭിച്ചപ്പോൾ ലഭിച്ച യുവപിന്തുണ നമുക്കെല്ലാം അറിയാവുന്നതാണ്‌.അന്നാ ഹസാരെയുടെ വ്യക്തിപ്രഭാവമോ, ലോക്പാൽ ബില്ലിന്റെ എല്ലാ വശങ്ങളും അറിഞ്ഞുകൊൺടോ ഒന്നുമല്ല ഭാരതത്തിന്റെ മക്കൾ ഹസാരെയെ പിന്തുണച്ചത്‌. അഴിമതിയുടെ മുഷിഞ്ഞ ഗന്ധം ഓരോ ഭാരതീയനേയും അത്രയധികം വേദനിപ്പിക്കാൻ തുടങ്ങിയിരുന്നു.

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അല്ലെങ്കിൽ ജുഡീഷ്യറിയുടെ ഹീനമായ ഒരു മുഖം നമുക്കിന്ന്‌ കാണാൻ കഴിയുന്നത്‌ മുല്ലപ്പെരിയാറിലൂടെയാണ്‌ ഓരോ നിമിഷവും ഭീതിയുടെ മുൾമുനയിൽ നിൽക്കുന്ന 35 ലക്ഷം വരുന്ന ജനങ്ങളോട്‌, ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്‌ പറയാനുള്ളത്‌ അടുത്ത സിറ്റിംഗ്‌ 2012 ജനുവരിയിലാണ്‌ എന്നതാണ്‌. കേരളവും തമിഴ്നാടും മുല്ലപ്പെരിയാറിനായി വാതോരാതെ വാദിക്കുമ്പോഴും ലക്ഷക്കണക്കിന്‌ ജീവനു വില കൽപിക്കുവാൻ നമ്മുടെ സുപ്രീം കോടതിക്ക്‌ കഴിയുകയില്ലേ.....?

ഓരോ ജീവനും വില കൽപിക്കുന്ന ഈ യൂറോപ്യൻ മാനുഷികതയിൽ നിന്നും 35 ലക്ഷം ജനങ്ങളുടെ ജീവന്‌ ഒരു വിലയും കൽപിക്കാത്ത നമ്മുടെ നീതിപീഠങ്ങളോട്‌ കിടപിടിക്കാൻ ചിലപ്പോൾ നമുക്കായെന്ന്‌ വരില്ല. എങ്കിലും കണ്ണടച്ചിരുട്ടാക്കാതെ ഒരു കൈ പൊരുതാൻ ഉള്ള മനുഷ്യത്വം നമുക്കിടയിൽ തീർച്ചയായും അവശേഷിക്കുന്നില്ലേ...? ഒരു കുഞ്ഞിന്റെ കരച്ചിൽ പോലും നമ്മെ അസ്വസ്ഥരാക്കുമ്പോൾ ഒരു ജനതയുടെ മുഴുവൻ കണ്ണീരൊപ്പാൻ നമുക്കണിചേർന്നു കൂടേ...............?

പ്രിയ സുഹൃത്തുക്കളെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശോചനീയാവസ്ഥ പരിഹരിച്ച്‌ മനുഷ്യ ജീവന്‌ സുരക്ഷിതത്വം ഉറപ്പാക്കാൻ ഗാന്ധിജയന്തിയുടെ ചുവടുപിടിച്ച്‌ ഒക്ടോബർ 3-​‍ാം തീയതി ഡബ്ളിൻ ഇന്ത്യൻ എംബസിയുടെ മുന്നിൽ ഉപവാസത്തോടെ ആരംഭിക്കാം നമുക്കീ സമരം...അയർലൻഡിലെ എല്ലാ മനുഷ്യസ്നേഹികളേയും രാവിലെ 9 മണിക്ക്‌ ആരംഭിക്കുന്ന ഉപവാസസമരത്തിലേയ്ക്ക്‌ സ്വാഗതം ചെയ്യുന്നു.

ഈ കൂട്ടായ്മയുടെ വിജയത്തിനായി അയർലൻഡിലെ എല്ലാ അസോസിയേഷൻ ഭാരവാഹികളുടേയും, മാധ്യമ പ്രവർത്തകരുടെയും സഹകരണവും ഉപദേശങ്ങളും നമ്മൾക്കാവശ്യമാണ്‌. കാരണം വെറും ഒരു ഉപവാസ സമരം മാത്രം ചെയ്ത്‌ മടങ്ങിയെത്തിയാൽ ഈ പ്രശ്നപരിഹാരത്തിനായി നമുക്ക്‌ ഒന്നും ചെയ്യാൻ കഴിയുകയില്ല. അതിനാൽ എല്ലാ അസോസിയേഷൻ ഭാരവാഹികളും, പ്രമുഖ വ്യക്തികളും ഈ പ്രസ്ഥാനത്തോട്‌ സഹകരിച്ച്‌ നമ്മുടെ ഈ മുന്നേറ്റത്തെ ലോകശ്രദ്ധയിലേയ്ക്ക്‌ കൊൺടുവരേൺടതാണ്‌. ഈ സമരത്തോട്‌ യോജിച്ച്‌ ദയവായി നിങ്ങളുടെ നിർദ്ദേശങ്ങൾ താഴെക്കാണുന്ന വെബ്സൈറ്റിൽ കമന്റ്‌ കോളത്തിൽ രേഖപ്പെടുത്തുക.

കുറേ വിലപ്പെട്ട ജീവനുകൾക്കുവേൺടി നമ്മുടെ കുറച്ച്‌ നേരം ചിലവിടാം.......

സസ്നേഹം - കുറച്ച്‌ മനുഷ്യസ്നേഹികൾ

http://mullaperiyar.jimdo.com/

6 comments:

വീകെ said...

എത്രയും വേഗം ഇതിന്റെ വിധിയുണ്ടാകാൻ കോടതിക്കുമില്ല നമ്മൾക്കുമില്ല താല്പര്യം. തമിഴ് നാടിന് അതാണു വേണ്ടതും. കേസുമായി കാലമെത്രയായി നടക്കാൻ തുടങ്ങിയിട്ട്. ഇന്നും അണക്കെട്ടിന് ഒരു കുഴപ്പവുമില്ലല്ലൊ എന്നു വരുത്താൻ ഇത് തന്നെ മർഗ്ഗം.

അറിവു തന്നതിനു നന്ദി മാഷെ.

വി.എ || V.A said...

...തമ്മിൽ വഴക്കടിച്ച് അഭിനയിച്ചുനിൽക്കുന്നവർ അറിയുന്നുണ്ട്, മുപ്പത്തിയഞ്ചുലക്ഷം ജീവന്റെ മുകളിൽ നിൽക്കുന്ന ‘വാളാണ്’ തകരാറിലായ മുല്ലപ്പെരിയാറെന്ന്. ഇത് നേതാക്കന്മാരുടേയും നീതിപീഠത്തിന്റേയും ഞാണിന്മേൽക്കളിയാണ്. ഇത് ഭാരതജനതയെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുകയും തുടർനടപടി എത്രയും പെട്ടെന്ന് പ്രാവർത്തികമാക്കുകയും വേണം....

ASOKAN T UNNI said...

പ്രേമചന്ദ്രൻ

എന്തുകൊണ്ടാണു

പരാജയപ്പെട്ടതു.....?

നിരക്ഷരൻ said...

@ T.U.ASOKAN - പ്രേമചന്ദ്രൻ പരാജയപ്പെട്ടെന്ന് എനിക്ക് തോന്നുന്നില്ല. മുല്ലപ്പെരിയാർ വിഷയത്തിൽ നന്നായി പോരാടിയ ഒരു മന്ത്രിയായിരുന്നു അദ്ദേഹം. ഒരുപക്ഷെ ഇപ്പോഴത്തെ ജലവിഭവമന്ത്രിയേക്കാളധികം. (ഞാനൊരു രാഷ്ടീയ പക്ഷക്കാരനുമല്ല. പക്ഷം പിടിച്ച് പറയുകയാണെന്ന് ധരിക്കരുത്.) പക്ഷെ ഒരാൾക്ക് ഒറ്റയ്ക്ക് ഈ വിഷയത്തിൽ ചെയ്യാവുന്ന കാര്യങ്ങൾക്ക് തീർച്ചയായും ഒരു പരിധിയുണ്ട്. മുല്ലപ്പെരിയാൽ വിഷയത്തിൽ കക്ഷിരാഷ്ട്രീയത്തിനും ജാതിമതചിന്തകൾക്കും വൃദ്ധനാനോ വിദ്യാർത്ഥിയാണോ എന്ന ചിന്തകൾക്കും അതീതമായ ഒരു പ്രവർത്തനവും മുന്നേറ്റവുമാണ് കേരളത്തിനാവശ്യം. അത് സാദ്ധ്യമാകുക അൽ‌പ്പം വിഷമമുള്ള കാര്യമാണ്. കാരണം ഈ വിഷയം എന്താണെന്ന് അഭ്യസ്ഥവിദ്യരായ കേരളീയരിൽ ഭൂരിപക്ഷത്തിനും അറിയില്ല. :(

ഷാ said...

മന്ത്രി പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് പരാജയമല്ലേ T U ASOKAN ഉദ്ദേശിച്ചിരിക്കുക..?!

Manoj മനോജ് said...

"സൗത്ത്‌ ആഫ്രിക്കയിലെ ട്രെയിൻ കമ്പാർട്ട്മെന്റിൽ നിന്നും ചവിട്ടി പുറത്താക്കപ്പെട്ട്‌ പ്ളാറ്റ്ഫോമിൽ കിടന്ന ഒരു ഇന്ത്യക്കാരൻ ഒരു പ്രതിജ്ഞയെടുത്തിരുന്നു.വർണ്ണ വിവേചനത്തിനും, ഇന്ത്യയുടെ സ്വാതന്ത്രത്തിനും വേൺടി പോരാടുമെന്ന്‌. ആ അർപ്പണ ബോധത്തിന്‌ മുൻപിൽ അധികാരകേന്ദ്രങ്ങൾ തലകുനിച്ചു.ഭരണത്തിന്റെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച്‌ ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു. നമ്മുടെ ഭാരതം സ്വതന്ത്രയായി."

:))))))))))))))))))) ആ ഒറ്റയാള്‍ പോരാട്ടം കൊണ്ട് മാത്രമാണ് ബ്രിട്ടീഷുകാര്‍ ഇറങ്ങി പോയത് എന്ന് വിശ്വസിക്കുന്നവര്‍ക്ക് എന്ത് പോരാട്ടമാണ് കാഴ്ചവെയ്ക്കുവാന്‍ കഴിയുക എന്ന് കാലം തെളിയിക്കട്ടെ!!!!

കേരളത്തില്‍ നിന്ന് ഇത്രയും കേന്ദ്രമന്ത്രിമാരുണ്ടായിട്ട് കേരള ജനതയ്ക്ക് വേണ്ടി എന്താണ് അവര്‍ ചെയ്തത്? സ്വജനപക്ഷപാതമാകുമെന്ന് പറഞ്ഞ് മാറി നിന്നപ്പോള്‍ തമിഴ്നാട്ടിലെ കേന്ദ്രമന്ത്രിമാര്‍ അത് മുതലാക്കി. കേരളത്തിന് പിന്തുണ നല്‍കുവാന്‍ ബംഗാളിലില്‍ നിന്നുള്ള ചിലര്‍ വേണ്ടി വന്നു എന്ന് ചരിത്രം!

തമിഴ്നാടിനും വേണം വെള്ളം എന്നാല്‍ അത് കേരളത്തിലെ ജനങ്ങളുടെ പേടി സ്വപ്നമാക്കിയിട്ട് വേണോ? എം.ജി.യു. ക്യാമ്പസ്സില്‍ പണ്ട് നര്‍മ്മദ ഡാമിനെതിരെ കണ്ണീര്‍വാര്‍ത്തു കൊണ്ടിരിക്കുമ്പോള്‍ എറണാകുളത്തെ പരിസ്ഥിതി നേതാവ് പറഞ്ഞത് എന്തിന് നമുക്ക് വെള്ളം, തമിഴ്നാടിന് കൊടുത്താല്‍ പച്ചക്കറി അവര്‍ നമുക്ക് തരും, ഡാം അവര്‍ക്ക് കൊടുത്തേയ്ക്കൂ... ഇത്തരം ദ്വിമുഖ മെന്റാലിറ്റിയുള്ള മലയാളികള്‍ കേന്ദ്രത്തിലും ഉണ്ടായാല്‍ ഡാം പൊട്ടി കഴിഞ്ഞാലും സ്വജനപക്ഷപാതം ഭയന്ന് മിണ്ടാതിരിക്കും!!!

ശക്തമായ ജനമുന്നേറ്റം വര്‍ഷങ്ങള്‍ക്ക് മുന്നേ വേണ്ടിയിരുന്നു. പക്ഷേ ഇനി കോടതി വിധി വരുന്നതു വരെ കാത്തിരിക്കാം....

Bookmark and Share